
ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ പി രാമൻനായർ ഭാഷാപഠനകേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ പുത്തൻകാവ് മെട്രോപ്പോളീറ്റൻ ഹൈസ്കൂളിൽ വയലാർ അനുസ്മരണവും വിദ്യാർഥികൾ പങ്കെടുത്ത കാവ്യാഞ്ജലിയും സംഘടിപ്പിച്ചു. എഴുത്തുകാരി ഡോ.കീർത്തി സാഗർ ഉദ്ഘാടനം ചെയ്തു. മലയാളത്തിൻ്റെ സർഗസംഗീതത്തിൽ ആഴത്തിൽ ഇഴചേർന്ന ശ്രുതിയാണ് വയലാറെന്നും മലയാളിയുടെ ഓർമയിൽ തിളങ്ങി നിൽക്കുന്ന വയലാറിൻ്റെ നിത്യഹരിത ഗാനങ്ങളും കവിതകളും കാലാതിവർത്തിയായി നിലനിൽക്കുമെന്നും അവർ പറഞ്ഞു. ഭാഷാപഠനകേന്ദ്രം ഉപാധ്യക്ഷൻ എൻ.ജി.മുരളീധരക്കുറുപ്പ് അധ്യക്ഷനായി. ഭാഷാപഠനകേന്ദ്രം പദ്ധതി സംയോജകൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ, സ്കൂൾ പ്രഥമാധ്യാപകൻ സിബി വർഗീസ്, മനു പാണ്ടനാട്, മായാരാജ് കല്ലിശ്ശേരി, ഡി.സുഭദ്രക്കുട്ടിയമ്മ, സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ജെസി മോൾ എം.ഇ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർഥികൾ പങ്കെടുത്ത വയലാർ കവിതകളുടേയും ഗാനങ്ങളുടേയും നൃത്താവിഷ്കാരം, വയലാർ കാവ്യാഞ്ജലി, പ്രശ്നോത്തരി, പ്രഭാഷണങ്ങൾ എന്നിവ നടത്തി.











